വാഷിങ്ടന്‍:സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ക്ക് ഇളവു നല്കി യുഎസ്. 2019 ല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളാണു ആദ്യഘട്ടമായിപിന്വലിച്ചത്.ഇത് ആറുമാസത്തേക്കാണ്. ഇതോടെ സിറിയന്‍ സെന്‍ട്രല്‍ ബാങ്കിന് ഏര്‍പ്പെടുത്തിയ വിലക്കും നീങ്ങും. കൂടാതെ വ്യാപാരം നടത്താന്‍ യുഎസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്ക്കുമേര്പ്പെടുത്തിയ വിലക്കും ഇല്ലാതാകും.
കഴിഞ്ഞയാഴ്ച നടത്തിയ ഗള്‍ഫ് രാജ്യങ്ങളുടെ സന്ദര്‍ശനത്തിനിടെ സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയില്‍ ഉപരോധം പിന്‍വലിക്കുമെന്നു ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
3 ഘട്ടമായിട്ടാണ് ഉപരോധങ്ങള്‍ പിന്‍വലിക്കുക. ആദ്യ 2 ഘട്ടങ്ങളില്‍ ഇളവുകള്‍ ഭാഗികമോ താല്ക്കാലികമോ ആയിരിക്കും. സിറിയയിലെ പലസ്തീന്, ഇറാന് അനുകൂല സംഘടനകളുടെ താവളങ്ങള്‍ ഒഴിവാക്കണമെന്നാണ് ആദ്യഘട്ടത്തില്‍ യുഎസിന്റെ ആവശ്യം. ഉപരോധം പൂര്‍ണമായി നീക്കാന്‍ സിറിയ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കേണ്ടിവരും.






