വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഭരണത്തിൽ എത്തുവാൻ സാധിച്ചില്ലെങ്കിൽ അതിന്റെ പരിണിതഫലങ്ങൾ ചെറുതൊന്നുമല്ല. എത്രയോ പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചൂടേറ്റു വളർന്നുവന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ പേരായിരുന്നു കോൺഗ്രസ്. ആ കോൺഗ്രസിന്റെ രാജ്യത്തെയും സംസ്ഥാനത്തെയും ഇന്നത്തെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. ദേശീയതലത്തിലും സംസ്ഥാനത്തും അധികാരത്തിന് പുറത്തുനിൽക്കുവാൻ തുടങ്ങിയിട്ട് എത്രയോ നാളുകൾ ആകുന്നു.
ഇനിയും അധികാരം തിരികെ പിടിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവിയും നിലനിൽപ്പും പോലും സംശയത്തിലാണ്. ഈ വസ്തുത തിരിച്ചറിഞ്ഞു കൊണ്ടാണ് അടിയന്തരമായി കെപിസിസി നേതൃത്വം പുനഃസംഘടിപ്പിക്കുവാൻ പോലും ഹൈക്കമാൻഡ് തയ്യാറായത്. ഹൈക്കമാന്റിന് മുൻപിലുള്ള ലക്ഷ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുക എന്നത് മാത്രമാണ്.
അതിന് വേറെയും ചില കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം എന്നത് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച, ഇന്നിപ്പോൾ പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലം കേരളത്തിൽ ആണെന്നതാണ്. പ്രിയങ്കയ്ക്ക് വയനാട് നൽകിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷമായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം.
വയനാടിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്. 2009-ൽ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ൽ രാഹുൽ ഗാന്ധിയുടെ വരവോടെയാണ്. 2024-ൽ രാഹുൽ ഗാന്ധിയുടെ പിൻവാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി.
രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാൻ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. ഇന്ന് ഇന്ത്യയിൽ ഗാന്ധി കുടുംബത്തോട് വൈകാരികമായി അടുപ്പമുള്ള മണ്ഡലമാണ് കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലം. ആ വയനാട് ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന കേരളം പിടിക്കേണ്ടത് പ്രിയങ്ക ഗാന്ധിയെയും രാഹുൽഗാന്ധിയെയും സംബന്ധിച്ച് വളരെയധികം നിർണായകം ആണ്. മറ്റൊന്ന് കെ സി വേണുഗോപാലിന്റെ സംസ്ഥാനമെന്ന ഘടകമാണ്.
രാജ്യത്തെ കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് കെസി വേണുഗോപാൽ. ഇന്ന് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് പല നിർണായക തീരുമാനങ്ങളും എടുക്കുന്നത് കെസി വേണുഗോപാൽ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും നേതൃത്വങ്ങളെ ഉപദേശിക്കുന്നതും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും സാക്ഷാൽ കെ സി തന്നെ. അങ്ങനെയുള്ള കെസി വേണുഗോപാലിന് സ്വന്തം തട്ടകമായ കേരളത്തിൽ ഭരണം തിരിച്ചു പിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന നാണക്കേടും മാനക്കേടും ചെറുതല്ല.
കഴിഞ്ഞ കാലങ്ങളിലെല്ലാം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും ഹൈക്കമാന്റും മാത്രമാണ് കാര്യങ്ങൾ തീരുമാനിച്ചതെങ്കിൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. പാർട്ടി സംവിധാനങ്ങൾക്ക് പുറമെ മറ്റു ചില ഏജൻസികളും പാർട്ടിയുടെ നിർണായക തീരുമാനങ്ങൾ ഇടപെടുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അത്തരം ഏജൻസികളുടെ സർവ്വേ പ്രകാരം തന്നെയാണ് കെപിസിസി തലപ്പത്ത് മാറ്റങ്ങൾ ഉണ്ടായത് പോലും. എന്നാൽ ഈ മാറ്റങ്ങൾ കൊണ്ടൊന്നും കേരളത്തിന്റെ അധികാരം പിടിക്കുവാൻ കഴിയില്ലെന്ന് ഇവിടുള്ള നേതാക്കൾക്കും ഡൽഹിയിലുള്ള നേതാക്കൾക്കും നന്നായി അറിയാം.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നവീനമായ ആശയങ്ങളും രാഷ്ട്രീയ ചടുല നീക്കങ്ങളും നടത്തുകയാണ് കോൺഗ്രസ് നേതൃത്വം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ ജില്ലയിലും ഒന്നോ രണ്ടോ മണ്ഡലത്തിൽ എങ്കിലും ജനപ്രീതിയുള്ള നേതാക്കളെ മത്സരത്തിന് ഇറക്കുവാനാണ് നേതൃത്വം ആലോചിക്കുന്നത്.
ഇപ്പോൾ മറ്റു പദവികൾ വഹിക്കുന്ന നേതാക്കളെ മത്സരത്തിന് ഇറക്കുവാനും ആലോചിക്കുന്നുണ്ട്. അതായത് എംപിമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവരെ മത്സരിപ്പിക്കുവാനാണ് പാർട്ടി ആലോചിക്കുന്നത്. കോൺഗ്രസിൽ മറ്റു പാർട്ടികളെക്കാൾ ജനപ്രീതിയുള്ള നേതാക്കളുടെ എണ്ണം വളരെ കൂടുതലാണ്. നേതാക്കളുടെ ജനപ്രീതി കൊണ്ട് മാത്രമാണ് പല സാഹചര്യങ്ങളിലും കോൺഗ്രസ് അധികാരത്തിൽ തിരികെ വന്നിട്ടുള്ളത്.
സംസ്ഥാനത്തു തന്നെ മുൻപ് തകർന്നടിഞ്ഞ കോൺഗ്രസിനെ അധികാരത്തിൽ തിരികെ എത്തിച്ചത് കെ കരുണാകരൻ ആയിരുന്നു. ദേശീയതലത്തിലും പാടെ തകർന്നു തരിപ്പണമായ കോൺഗ്രസ് പാർട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു. എല്ലാകാലത്തും കോൺഗ്രസിന് ഏതു പ്രതിസന്ധിയിലും ഉയർത്തി കാട്ടുവാൻ അത്തരത്തിൽ ഒട്ടേറെ നേതാക്കന്മാർ ഉണ്ട്. അത്തരമൊരു നേതൃസമ്പത്ത് ഇന്നും കേരളത്തിലെ കോൺഗ്രസിനുണ്ട്.
ഓരോ ജില്ലയിലും ഒന്നിലേറെ മണ്ഡലങ്ങളിൽ ജനപ്രീതിയുള്ള നേതാക്കൾ മത്സരിച്ചാൽ ആ മണ്ഡലത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളിലും അനായാസം വിജയിച്ചു വരാമെന്ന് കോൺഗ്രസ് കരുതുന്നു. അത്തരത്തിൽ കുറഞ്ഞത് കോൺഗ്രസ് പാർട്ടി ഒറ്റയ്ക്ക് 60 മണ്ഡലങ്ങളിൽ എങ്കിലും വിജയിക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്കാണ് കൂടുതൽ കരുതലോടെ കരുത്ത് ആർജിച്ച് കോൺഗ്രസ് മുന്നോട്ടു കുതിക്കുന്നത്.






