തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതനായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെന്‍ട്രൽ പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സുകാന്തിനെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്. പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു.
മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചു കൊടുത്തിരുന്നു. എല്ലാ വിധത്തിലും യുവതിക്കു മേൽ പ്രതി ആധിപത്യം സ്ഥാപിച്ചിരുന്നു. യുവതിയും സുകാന്തുമായുള്ള ടെലഗ്രാമിലെ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘നീ എന്നു മരിക്കും’ തുടങ്ങിയ കാര്യങ്ങളായിരുന്നു സുകാന്തിന്റെ ചാറ്റിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പെട്ടെന്നുള്ള പ്രകോപനമായി കണക്കാക്കാൻ സാധിക്കില്ല.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹർജി സമര്‍പ്പിച്ചിരുന്നത്. യുവതിയുമായി താൻ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ച് ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും ഇതിനെ എതിർത്ത വീട്ടുകാരുടെ സമ്മർദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു വാദം.



