തിരുവനന്തപുരം: അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളിലാണ് ഇന്ന് രാവിലെ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളില്‍ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
വര്‍ക്കല ഇടവ മാന്ത്ര ഭാഗത്ത് തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്‌നറുകളാണ് അടിഞ്ഞിരിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വര്‍ക്കല ഈ ഭാഗത്ത് കണ്ടെയ്‌നര്‍ കണ്ടത്. ശക്തമായ തിരമാലകളില്‍ കണ്ടെയ്‌നര്‍ തകര്‍ന്ന് ഉള്ളിലുള്ള വസ്തുക്കള്‍ വെള്ളത്തിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്.
തകര്‍ന്ന കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കള്‍ വെള്ളത്തിലൊഴുകിയ നിലയിലാണ്.തുടര്‍ന്ന് വര്‍ക്കല ഓടയം ബീച്ചിന് സമീപം തുറന്ന ഒരു കണ്ടെയ്‌നര്‍ കണ്ടെത്തി. ഈ കണ്ടെയ്‌നറില്‍ നിന്ന് പുറത്ത് പോയെന്ന് കരുതുന്ന വെളുത്ത നിറമുള്ള വസ്തു പാപനാശം ബലി മണ്ഡപത്തിന് സമീപം കരയിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇവിടെ നിരവധി പേരാണ് രാവിലെ ബലിതര്‍പ്പണത്തിനായി എത്തുന്നത്.






