കൊച്ചി: മാനേജരെ മർദ്ദിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നട്ടുത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സിസിടിവി ക്യാമറ ഉള്ളിടത്താണ് ഇതെല്ലാം നടന്നതെന്നും സുഹൃത്ത് വിഷ്ണു ഉണ്ണിത്താനും സംഭവം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
“എന്റെ പ്രതിച്‌ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ വിപിൻ്റെ ഭാഗത്തു നിന്നുണ്ടായി. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. ‘മേപ്പടിയാൻ’ സംവിധായകനായ വിഷ്ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റു പറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങൾ നേരിട്ടു കണ്ട് ഈ പ്രശ്‌നം പരിഹരിക്കാൻ പറഞ്ഞു. ഇത്രയും വർഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കുട്ടിയ ഒരാൾ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഇത്രയും നാൾ കൂടെ കൊണ്ടുനടന്നിരുന്നൊരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ?’ എന്നും ഉണ്ണി വ്യക്തമാക്കി.
ബേസ്മെന്റ് പാർക്കിങ്ങിൽ വച്ചാണ് വിപിനെ കണ്ടത്. ചോദ്യങ്ങൾക്കൊന്നും വ്യക്‌തമായ മറുപടി വിപിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചെയ്‌ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിനിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണട പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏൽപ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്‌തിട്ടില്ല. സിസിടിവി യുള്ള സ്ഥലത്തു വെച്ചായിരുന്നു കൂടിക്കാഴ്ച.
‘നരിവേട്ട’ സിനിമയ്ക്കെതിരെ ഞാൻ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയെ ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. സിനിമയിൽ വന്ന കാലം മുതൽ പരിചയമുള്ള സുഹൃത്തുക്കളാണ് ഞങ്ങളിരുവരും. പരസ്‌പരം ഒരുപാട് മനസ്സിലാക്കുന്നവർ. ‘മാർക്കോ’ ഹിറ്റ് ആയ സന്തോഷത്തിൽ എനിക്കൊപ്പം ഒന്നിച്ച് ആ വിജയം ആഘോഷിച്ച വ്യക്തിയാണ് ടൊവിനോ. ഇതുപോലുള്ള ഒരു കള്ള പ്രചരണങ്ങൾക്കും ഞങ്ങളുടെ സൗഹ്യദം തകർക്കാനാകില്ല.
യഥാർഥത്തിൽ എനിക്കൊരു മാനേജർ ഇല്ല. എന്റെ സിനിമകളും സിനിമാ സംബന്ധമായ വാർത്തകളും മാധ്യമങ്ങളെ അറിയിക്കാനുള്ള പിആർഒ മാത്രമാണ് വിപിൻ. ഒരുപാട് സിനിമകൾക്കു വേണ്ടി പ്രവർത്തിക്കുന്ന പിആർഒ ആണ് താനെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരുപാട് സിനിമകളിൽ എൻ്റെ സിനിമകളും ഉൾപ്പെട്ടിട്ടുണ്ട് എന്നു മാത്രം. അഭിനേതാക്കളുടെ വ്യക്‌തി ജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്താനും അത് പടരാനും വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ ഇതിൻ്റെ സത്യാവസ്‌ഥ എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ആ ശബ്ദം ഒരു പരിധിക്കു മുകളിൽ എവിടെയുമെത്തില്ല എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.






