തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് സംഘർഷമുണ്ടായത്.
സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലമായി നീക്കിയെന്ന് എസ്എഫ്ഐ ആരോപിച്ചു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് പൊലീസ് നീക്കിയെന്നും സംഘടന ആരോപിച്ചു.
കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകളും പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് വരുത്തിയ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പിന്നീട് വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.











