മലപ്പുറം: എഐസിസി ജനറൽ സെക്രെട്ടറി കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വെച്ചതിനു പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പിവി അൻവർ. സതീശൻ രാജി ഭീഷണി മുഴക്കിയതാണ് കാരണം.
യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അൻവർ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്. അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശൻ വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫ് നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച പിവി അൻവർ പ്രസ്താവനകളെല്ലാം നിരുപാധികം പിൻവലിച്ച ശേഷമേ മുന്നണിയിലെടുക്കാനാവൂ എന്നായിരുന്നു വിഡി സതീശൻ്റെ നിലപാട്.






