തിരുവനന്തപുരം: പി വി അൻവറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ നടപടിയെ പ്രതിപക്ഷ നേതാവ് തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടം. തന്റെ പ്രവൃത്തി തെറ്റാണെന്ന് നേതൃത്വം പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു. പാര്‍ട്ടിയാണ് ആത്യന്തികമായി വലുത്, അതിനപ്പുറത്തേക്ക് ഒന്നുമില്ല. പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു.
‘പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ മാധ്യമങ്ങളോട് പറയേണ്ടതില്ലല്ലോ. നേതൃത്വം തെറ്റാണെന്ന് പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് അന്‍വറുമായി നടത്തിയത്. ആരും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലല്ല കൂടിക്കാഴ്ച. പാര്‍ട്ടി പറഞ്ഞതാണ് ശരി. ആത്യന്തികമായി പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ അവിടെ പറയും. ഈ സര്‍ക്കാര്‍ താഴെ ഇറക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റേയും ആഗ്രഹമാണ്’, എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലമ്പൂരിലെ വീട്ടിലെത്തി പി വി അന്‍വറിനെ സന്ദര്‍ശിച്ചത്. ഇന്ന് രാഹുലിനെ പരസ്യമായി തള്ളി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയി കണ്ടതെന്നായിരുന്നു സതീശന്റെ പ്രതികരണം. അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്ന് ചോദിച്ച വി ഡി സതീശന്‍ രാഹുലിന്റെ പ്രവൃത്തി തെറ്റാണെന്നും പറഞ്ഞിരുന്നു.






