മല്ലപ്പള്ളി: പത്തനംതിട്ടയിൽ വീട് കുത്തി തുറന്ന് മോഷണം. കവർച്ച നടത്തിയ ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും ലാപ്ടോപും അതേ വീടിന്റെ കിണറ്റിലെറിഞ്ഞു കടന്നുകളഞ്ഞു. രണ്ടു മോഷ്ടാക്കളെ കീഴ്‌വായ്പൂർ പൊലീസ് പിടികൂടി. നെടുങ്ങാടപ്പള്ളിയിൽ വീടു കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവുമാണു പ്രതികൾ കവർന്നത്. തൊണ്ടിമുതൽ കവർച്ച നടന്ന വീടിന്റെ കിണറ്റിൽ നിന്നും പത്തനംതിട്ട അഗ്നിരക്ഷാ സേനയിലെ സ്കൂബാ വിഭാഗമാണു വീണ്ടെടുത്തത്. കിണറ്റിലെ വെള്ളം വറ്റിച്ചെങ്കിലും ആഴമുള്ളതിനാൽ സ്കൂബാ വിഭാഗം തന്നെ എത്തുകയായിരുന്നു.
നെയ്യാറ്റിൻകര പള്ളിച്ചൽ വട്ടവിള പുത്തൻവീട്ടിൽ അനിൽകുമാർ (44), പേരൂർക്കട കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജുകുമാർ (43) എന്നിവരെയാണ് കീഴ്‌വായ്പൂര് പൊലീസ് തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇരുവരും സ്ഥിരം കുറ്റവാളികളാണ്. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപടി കിഴക്കയിൽ കെ.എം. മത്തായിയുടെ വീട്ടിലാണു മേയ് 15നും 17നുമിടയിൽ മോഷണം നടന്നത്. കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ പോയിരുന്ന ഇവർ 17നു വൈകിട്ടാണു തിരിച്ചെത്തിയത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്നിരുന്നു.






