പാലക്കാട് : ഷൊര്‍ണൂരില്‍ ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ ഹോട്ടലുകളില്‍ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങി വില്‍പ്പന നടത്തി പണം തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്.
ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളില്‍ നിന്ന് വലിയ അളവില്‍ ബിരിയാണി വാങ്ങി വില്‍പന നടത്തുന്നയാളാണ് ഷെഹീര്‍. എന്നാല്‍ ഇയാള്‍ക്കെതിരെ ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 26 ന് ഇയാള്‍ 350 പൊതി ബിരിയാണി വാങ്ങിയെന്നും. പണം നല്‍കാതെ ് മുങ്ങിയെന്നുമാണ് പരാതി. 44000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 140 രൂപക്ക് കടയില്‍ നിന്നും ബിരിയാണി വാങ്ങി 250 രൂപക്ക് വിറ്റ്, ലാഭത്തില്‍ നിന്നും 30 രൂപ ചാരിറ്റിക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ബിരിയാണിയുടെ പണം കൊടുക്കാതെ വന്നതോടെ ഹോട്ടലുടമ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്തും സമാനമായ രീതിയില്‍ പ്രതി തട്ടിപ്പ് നടത്തിയിരുന്നു. നേരത്തെ ചാലിശ്ശേരിയില്‍ നടത്തിയ തട്ടിപ്പ് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.






