കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ച ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ വിമർശനം. ബലി പെരുന്നാളിന് നേരത്തെ നിശ്ചയിച്ച വെള്ളിയാഴ്ചയിലെ അവധി മാറ്റിയത് ശരിയായ നടപടിയായില്ലെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി.
ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുവെ അവധിയായിരിക്കെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറിയത് കൊണ്ട് നൂറുകണക്കിന് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് പ്രയോജനപ്പെടില്ല, മാത്രമല്ല പെരുന്നാൾ ആഘോഷത്തിനായി വിദൂര സ്ഥലങ്ങളിൽ നിന്ന് തലേ ദിവസം തന്നെ പുറപ്പെടാനിരിക്കുന്നവർക്ക് പെട്ടെന്നുള്ള അവധിമാറ്റം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.
മുസ്‌ലിംകളുടെ വളരെ പ്രധാനപ്പെട്ട ആഘോഷത്തോട് സർക്കാർ കാണിക്കുന്ന ഈ അവഗണന വലിയ അനീതിയാണ്. വെള്ളിയാഴ്ച കൂടി അവധി നൽകി ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ജനപ്രതിനിധികൾ ഇതിൽ ഇടപെടണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ യും പ്രതികരിച്ചു. നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് കെപിഎസ്ടിഎ പറഞ്ഞു. കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ്. എന്നാൽ ഇപ്പോൾ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം.
വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകൾ ഉൾപ്പെടെ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് കെപിഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിർത്തി കുട്ടികൾക്ക് മതപരമായ കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.






