തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽ നിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തിയതായി പോലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണ നൽകിയ പരാതിയിലാണ് 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചത്. ക്യുആർ കോഡ് വഴിയാണ് അക്കൗണ്ടിലേക്ക് പണം എത്തിയത്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പോലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും.
നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച് ദിയയ്ക്ക് നൽകിയെന്നുമാണ് ജീവനക്കാരുടെ മൊഴി. ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പോലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം, കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. വനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്.






