വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ താന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ചില കുറിപ്പുകള്‍ അല്‍പം കടന്നുപോയെന്ന് ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. കഴിഞ്ഞയാഴ്ച ട്രംപിനെ കുറിച്ച് എഴുതിയ ചില പോസ്റ്റുകളില്‍ താന്‍ ഖേദിക്കുന്നുവെന്ന് ട്രംപ് പുതിയ കുറിപ്പില്‍ പറയുന്നു. ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങള്‍ക്കു പിന്നാലെയാണ് മസ്‌കും ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സര്‍ക്കാര്‍ വകുപ്പിന്റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്‌ക് രംഗത്ത് വന്നിരുന്നു.
ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍ പ്രതിയായ പീഡന കേസില്‍ പ്രസിഡന്റ് ട്രംപിന്റെ പേരുണ്ടെന്ന എക്‌സിലെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ശക്തമായ നടപടികളും വിമര്‍ശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെ മസ്‌ക് ഈ പോസ്റ്റ് പിന്‍വലിച്ചു. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ മസ്‌ക് ഉന്നയിച്ച ആരോപണങ്ങളില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്‌സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു വ്യാഴാഴ്ച എക്സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന വിശേഷണത്തോടെയാണ് മസ്‌ക് ഈ പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായതോടെ എക്‌സില്‍നിന്നും നീക്കം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍നിന്ന് പിന്‍വാങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ട്. ട്രംപിനെതിരെ മസ്‌ക് രംഗത്തുവന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. വിവാദ വെളിപ്പെടുത്തതിന് പിന്നാലെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചു.






