റിയാദ്: മലയാളി ഹാജിമാരുടെ മദീന സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 345 തീർഥാടകരാണ് ആദ്യദിനത്തിൽ സന്ദർശനത്തിനായി പുറപ്പെടുന്നത്. മദീനയിൽ പ്രവാചക പള്ളിയും ഖബറിടവും റൗദയും ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും.
ഹജ്ജ് സർവിസ് കമ്പനി ഒരുക്കുന്ന ബസ് മാർഗമാണ് തീർഥാടകരുടെ യാത്ര. ലഗേജുകൾ കൊണ്ടുപോകാനായി പ്രത്യേകമായി ട്രക്കും ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിക്കടുത്ത് മർക്കസിയ ഏരിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
മദീനയിൽ എട്ടു ദിവസം നീളുന്ന സന്ദർശനം പൂർത്തീകരിച്ച് ഈ മാസം 25-ന് മലയാളി ഹാജിമാരുടെ ആദ്യ സംഘം നാട്ടിലേക്ക് തിരിക്കും. കോഴിക്കോട്ടേക്കാണ് ആദ്യ മലയാളി തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കുന്നത്. അതേസമയം കടുത്ത വേനൽ ചൂടാണ് മദീനയിൽ അനുഭവപ്പെടുന്നത്.






