വാഷിങ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടനില്‍ എത്തിയ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ട്രംപ് ക്ഷണിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
ട്രംപിന് പുറമെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമായും അസിം മുനീര്‍ കൂടിക്കാഴ്ച നടത്തും.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്.ത്തില്‍ നടക്കുന്ന കൂടിക്കാഴ്ച നിര്‍ണായകമെന്നാണ് പൊതുവെയുളള് വിലയിരുത്തല്‍. പാക്കിസ്ഥാന്‍ ഇറാനുമായി കര അതിര്‍ത്തി പങ്കിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണില്‍ 35 മിനിറ്റ് സംസാരിച്ചുവെന്ന വാര്‍ത്ത ഇന്ത്യ അറിയച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള അസിം മുനീറിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അസിം മുനീര്‍ വാഷിങ്ടനിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാന്‍ പൗരന്മാര്‍ അസിം മുനീര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക്കിസ്ഥാന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചു. ഇമ്രാന്‍ ഖാനെ അനുകൂലിക്കുന്നവരാണ് പ്രകടനം നടത്തിയത്.






