തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയാ കൃഷ്ണയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ 25ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും പോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കേസ് മാറ്റിയത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസെടുത്തത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണു പരാതി. ദിയയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ പണം തട്ടിച്ചുവെന്ന് കൃഷ്ണകുമാറും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ കേസെടുത്തതിനു പിന്നാലെയാണു ജീവനക്കാര്‍ പരാതി നല്‍കിയത്.




