കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കോര്പറേഷന് ഡോഗ് സ്ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് ആശുപത്രിയിലേക്കു മാറ്റിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. കണ്ണൂര്‍ ആര്‍ഡിഡിഎല്ലില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു കണ്ടെത്തിയത്.
കടിയേറ്റ നാലു വയസ്സുകാരി ഉള്‍പ്പെടെ 19 പേര്‍ക്കും ഗവ. ജനറല്‍ ബീച്ച് ആശുപത്രിയില്‍നിന്നു പേ വിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് അശോകപുരം ഭാഗത്തുനിന്നു പിടികൂടിയ 20 നായകളെ പൂക്കടവിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




