തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് ഇന്ന് സർവീസിൽനിന്നു വിരമിക്കും. 2023 ജൂൺ 30മുതൽ രണ്ടുവർഷമാണ് പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ആന്ധ്രപ്രദേശിലെ കഡപ്പ സ്വദേശിയായ ഷെയ്ഖ് ദർവേശ് സാഹിബ് ഹൈദരാബാദ് എസ്‌വി അഗ്രിക്കൾച്ചർ കോളേജിൽനിന്ന് എംഎസ്‌സി പൂർത്തിയാക്കിയശേഷം ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഗ്രോണമിയിൽ പിഎച്ച്ഡിയും ഇഗ്‌നോയിൽനിന്ന് ഫിനാൻസിൽ എംബിഎയും പൂർത്തിയാക്കി.
1991 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവീസിൽ കേരള കേഡറിൽ പ്രവേശിച്ചു. ഫയർ ആൻഡ് റെസ്‌ക്യു ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. കേരള കേഡറിൽ നെടുമങ്ങാട് എഎസ്‌പിയായി സർവീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർകോട്, കണ്ണൂർ, പാലക്കാട്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്‌പിയായും എംഎസ്‌പി, കെഎപി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമൻഡാൻറ് ആയും പ്രവർത്തിച്ചു.
സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ സെക്യൂരിറ്റി വിഭാഗം, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശ്ശൂർ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐജി ആയിരുന്നു. വിശിഷ്ടസേവനത്തിന് 2016-ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007-ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. ദർവേശ് സാഹിബിന് പോലീസ് നൽകുന്ന വിടവാങ്ങൽ പരേഡ് തിങ്കളാഴ്ച രാവിലെ 8-ന് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും. പോലീസിന്റെ ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്ക് 12-ന് പോലീസ് ആസ്ഥാനത്തു നടക്കും.
Content: State Police Chief Dr. Sheikh Darvesh Sahib will retire today






