ബെംഗളുരു: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി സംഘം ഒളിവിൽ. മലയാളികളടക്കമുള്ളയാളുകളുടെ പണവുമായാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയും ഒളിവിൽ പോയിരിക്കുന്നത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.
ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് ഇരുവരും കടന്നുകളഞ്ഞത്. 265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും.
Content: Chit fund scam worth Rs 100 crore in Bengaluru; Malayali and his wife absconding




