മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം. അനാവശ്യമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പ്രതികരണം.
പൊതുജനാരോഗ്യത്തിന്റെ മികവിനെ വിലകുറച്ചുകാണുന്ന താരത്തിലുള്ളതും അതുപോലെ സംശയം ജനിപ്പിക്കുന്ന തരത്തിലുമുള്ള പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ.
2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എന്നാൽ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി പറഞ്ഞു.




