കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം സുരക്ഷാ ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം. ആലുവ ആശാന് ലൈന്‍ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം എറണാകുളം ജില്ലാ കോഓര്‍ഡിനേറ്റര്‍ കുട്ടമശേരി കുന്നത്ത് കോളായില്‍ കെ.ബി.ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു.
ആലുവ ചെമ്പകശേരി ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഈ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണന്. ഇജാസിനൊപ്പം എത്തിയതെന്ന് കരുതുന്ന ആള് സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് സ്കൂട്ടര്‍ വയ്ക്കരുതെന്നും നീക്കി വയ്ക്കണമെന്നും ബാലകൃഷ്ണന് പറഞ്ഞു. ഇതോടെ ഇയാള്‍ സ്കൂട്ടര്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ഥലത്തെത്തിയ ബാലകൃഷ്ണനോട് ഇജാസ് സംസാരിക്കുകയും പിന്നാലെ മര്‍ദിക്കുകയുമായിരുന്നു.
മുഖത്തും നെഞ്ചിലും മര്‍ദനമേറ്റ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകിപ്പോയി. കണ്ണടയുടെ പൊട്ടിയ ചില്ല് തറച്ച് കണ്ണിനും പരുക്കു പറ്റിയിട്ടുണ്ട്. പരാതിയുമായി വൈകിട്ട് 4 മണിക്ക് സ്റ്റേഷനില്‍ എത്തിയ ബാലകൃഷ്ണനെ രാത്രി ഒന്‍പതു മണിക്കാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ ബാലകൃഷ്ണന് പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.






