സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഡോസ് എന്നാണ് ഇട്ടിരിക്കുന്ന പേര്. മെഡിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സംവിധായകൻ വിനയൻ നിർവഹിച്ചു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷരെ ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കും ഡോസ് എന്ന് സംവിധായകൻ അഭിലാഷ് വ്യക്തമാക്കി.
എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസ് നിർമ്മിക്കുന്ന ഡോസിൽ ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിതാ ഫാത്തിമ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ഡോസിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ ഡിജിറ്റൽ ടൈറ്റിൽ ലോഞ്ച് മമ്മുട്ടി കമ്പനി, ഉണ്ണിമുകുന്ദൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു.
മലയാള സിനിമയിൽ ഒരു കഥാപാത്രത്തിനു വേണ്ടി സിജു വിൽസനെ പോലെ ഇത്രയേറെ അധ്വാനിക്കുന്ന താരങ്ങൾ കുറവാണെന്നും ഉടൻ തന്നെ സിജുവിനെ നായകനാക്കി വലിയൊരു പ്രോജക്ട് ഉണ്ടാകുമെന്നും സംവിധായകൻ വിനയൻ പറഞ്ഞു. വണ്ടർമൂഡ്‍സ് പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ് വർക്ക്, വിൽസൺ പിക്ചേഴ്സ് എന്നിവർ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. ലോഞ്ചിംഗ് ചടങ്ങിൽ സഹനിർമ്മാതാവ് അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ സംവിധായകരായ ബോബൻ സാമുവൽ,സൂരജ് ടോം, അഭിനേതാക്കളായ റോണി ഡേവിഡ് രാജ്, സഞ്ജു ശിവറാം, അശ്വിൻ ജോസ്, രശ്മി ബോബൻ തുടങ്ങിയവരും പങ്കെടുത്തു.




