കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരന്‍ മിഥുന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി വിദേശത്തു പോയി ജോലി ചെയ്യാനുള്ള മാനസികാവസ്ഥ മിഥുന്റെ അമ്മ സുജയ്ക്ക് ഉണ്ടാകില്ല, അതുകൊണ്ട് അവര്‍ക്ക് നാട്ടില്‍ തന്നെ ജോലി നല്‍കാനുള്ള സാഹചര്യം സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. സ്‌കൂള്‍ മാനേജ്മെന്റിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പളെ സസ്‌പെന്‍ഡ് ചെയ്ത് ഇന്നലെ സ്‌കൂള്‍ മാനേജര്‍ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.
മിഥുന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്‌കൂളിലേക്ക് എത്തിച്ചത്. വന്‍ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.






