ടെഹ്റാന്‍: യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന പ്രസ്താവനയുമായി ഇറാന്‍. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയാണ് പ്രസ്താവനുമായി രംഗത്തെത്തിയത്.സ്റ്റെല്‍ത്ത് ബോംബര്‍ ആക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘നാശനഷ്ടങ്ങള്‍ ഗുരുതരമാണ്. ആണവ സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഞങ്ങളുടെ ദേശീയ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ആണവ സമ്പുഷ്ടീകരണം തുടരുകതന്നെ ചെയ്യും.’ അറാഖ്ചി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണങ്ങള്‍ നടത്തിയെങ്കിലും അമേരിക്കയുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറാഖ്ചി അറിയിച്ചു. എന്നാല്‍, അത് നേരിട്ടുള്ള ചര്‍ച്ചകളായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും അത് സമാധാനപരമായി തുടരുമെന്നും ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ക്കായി പോകില്ലെന്നും തെളിയിക്കാന്‍ ആവശ്യമായ ഏത് നടപടികള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. പകരമായി, അവര്‍ ഉപരോധം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു.
ആക്രമണങ്ങള്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യൂറേനിയത്തെ എങ്ങനെ ബാധിച്ചുവെന്ന് ഇറാന്റെ ആണവോര്‍ജ്ജ സംഘടന വിലയിരുത്തുകയാണെന്നും കണ്ടെത്തലുകള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അറിയിക്കുമെന്നും അറാഖ്ചി പറഞ്ഞു. എന്നാല്‍, ഐഎഇഎയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന നിയമത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഐഎഇഎ പരിശോധകര്‍ ഈ മാസം ആദ്യം ഇറാന്‍ വിട്ടിരുന്നു.






