ദില്ലി: ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ. ഞാൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം നടത്തിയവരെ ആണ് മർദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്‍റെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദിക്കുമെന്നും ജ്യോതി ശര്‍മ പറഞ്ഞു.
താനും പ്രവർത്തകരും ആണ് പരാതി നൽകിയത്. സ്റ്റേഷനിൽ ഞാൻ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് ഇനിയും തുടരും. ആവശ്യമെങ്കിൽ മർദിക്കും. താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും പൊലീസ് തന്‍റെ കൂടെയില്ലെന്നും ജ്യോതി ശര്‍മ പ്രതികരിച്ചു.




