ജിദ്ദ: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ജാവോ ഫെലിക്‌സിനെ വന്‍തുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്‌സിനെ അല്‍ നസര്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്‌സ് രണ്ട് വര്‍ഷത്തെക്കാണ് അല്‍ നാസറുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയില്‍ നിന്നാണ് ഫെലിക്‌സിന്റെ അല്‍ നസറിലേക്കുള്ള വരവ്.
അല്‍ നസറിന് പുറമെ ഫെലിക്‌സിന്റെ പഴയ ക്ലബ്ബായ ബെന്‍ഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും, ഫോര്‍വേഡായും കളിക്കുന്ന ഫെലിക്‌സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെല്‍സി ടീമിലും ഉള്‍പ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തില്‍ പി എസ് ജി യെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടിരുന്നു.
പതിനാലാം വയസ്സില്‍ പോര്‍ട്ടോയില്‍ നിന്ന് ബെന്‍ഫിക്ക അക്കാദമിയില്‍ എത്തിയ ഫെലിക്‌സ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമിലെത്തിപ്പെട്ടു. അരങ്ങേറിയ ആദ്യ സീസണില്‍ തന്നെ ഫെലിക്‌സിന്റെ മികച്ച പ്രകടനത്തോടെ ബെന്‍ഫിക്ക ലീഗ് ചാമ്പ്യന്മാരാവുകയും ചെയ്തു. പിന്നീട് യൂറോപ്യന്‍ ലീഗിലെ വമ്പന്മാര്‍ക്കെല്ലാം വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞു.






