യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുൽ ഫത്താഹ് പറഞ്ഞു. ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും നീതി മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും സഹോദരൻ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസമാണ് നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരിച്ച കാന്തപുരം അബൂബക്കര്‍ മുസ്ലിയാർ രംഗത്ത് എത്തിയത്. വിഷയത്തിൽ ചിലർ ക്രെഡിറ്റെടുക്കാൻ ശ്രമിച്ചെന്നും എന്നാൽ തങ്ങൾക്ക് ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം പറഞ്ഞു. പാലക്കാട് എസ്എസ്എഫ് സാഹിത്യോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.






