‘കൂലി’ സിനിമയിൽ സത്യരാജ് അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രജനികാന്ത് സിനിമകളിൽ സത്യരാജ് അഭിനയിക്കില്ലെന്ന പഴയ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരുന്നു. ശങ്കർ ചിത്രം ‘ശിവാജി’യിൽ വില്ലൻ വേഷം ചെയ്യാൻ ക്ഷണിച്ചിട്ടം സത്യരാജ് നിരസിച്ചതോടെയാണ് രജനി ചിത്രങ്ങളിൽ താരം അഭിനയിക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ ‘ശിവാജി’ സിനിമയിൽ രജനികാന്തിന്റെ വില്ലൻ വേഷം നിരസിച്ചതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സത്യരാജ്. അക്കാലത്ത് സ്ഥിരം വില്ലൻ വേഷം ചെയ്തതിനാൽ താൻ ടൈപ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്നാണ് ശിവാജിയിലെ വേഷം നിരസിച്ചതെന്ന് സത്യരാജ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സത്യരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്– ‘ആ സമയത്ത് ഞാൻ എന്റെ നായക പരിവേഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. എന്റെ സിനിമകളൊക്കെ പരാജയമായിരുന്ന ആ ഘട്ടത്തിൽ മാർക്കറ്റ് തിരിച്ചുപിടിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. അപ്പോഴാണ് ശിവാജിയിലേക്ക് ശങ്കർ വിളിക്കുന്നത്. വീണ്ടും വില്ലൻ വേഷങ്ങളിൽ കുടുങ്ങിപ്പോകുമോ എന്ന് പേടിച്ചാണ് ഞാൻ ആ വേഷം നിരസിച്ചത്.’ വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കാണ് സത്യരാജ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്.
തമിഴ് സിനിമയിൽ വില്ലന്റെ സഹായിയായി യാത്ര ആരംഭിച്ച സത്യരാജ്, സംവിധായകൻ മണിവണ്ണനുമായി ഒന്നിച്ചതോടെയാണ് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. ‘നൂറാവതു നാൾ’ എന്ന ചിത്രത്തിലൂടെ സത്യരാജ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സിനിമയിൽ സ്വന്തമായൊരു ശൈലിയും അദ്ദേഹം വികസിപ്പിച്ചെടുത്തു. പിന്നീട് നായകനായും വില്ലനായും തിളങ്ങി.
‘മിസ്റ്റർ ഭരത്’ എന്ന സിനിമയിൽ രജനികാന്തിന്റെ അച്ഛനായി സത്യരാജ് അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിൽ ചെറിയ വേഷങ്ങളിലും സത്യരാജ് പ്രത്യക്ഷപ്പെട്ടു. ഒരു ഘട്ടത്തിൽ, സത്യരാജ് രജനികാന്ത് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി എന്ന് ആരോപണങ്ങൾ ഉയർന്നു. പല കാരണങ്ങളും അന്ന് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശങ്കറിന്റെ ‘ശിവാജി’ എന്ന ചിത്രത്തിലെ വില്ലൻ വേഷം നിരസിച്ചത് അക്കാലത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തനിക്ക് നൽകുന്ന അതേ പ്രതിഫലം സത്യരാജിന് നൽകാമെന്ന് പറഞ്ഞിട്ടും അന്ന് സത്യരാജ് ആ വേഷം സ്വീകരിച്ചില്ലെന്ന് ‘കൂലി’യുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. ഈ വിവാദങ്ങൾക്കാണ് സത്യരാജ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
ലോകേഷ് കനകരാജ് ഒരുക്കിയ ‘കൂലി’യിൽ രജനികാന്തിന്റെ അടുത്ത സുഹൃത്തായാണ് സത്യരാജ് എത്തുന്നത്. അത്യധികം ആവേശത്തോടെയാണ് ആരാധകർ കഥാപാത്രത്തെ സ്വീകരിച്ചത്.




