ബംഗളൂരു: യാദ്ഗിര്‍ ജില്ലയിലെ ഷഹാപൂര്‍ താലൂക്കിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 17 വയസ്സുള്ള പെണ്‍കുട്ടി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാമൂഹിക ക്ഷേമ വകുപ്പാണ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടത്തുന്നത്. സംഭവത്തിന് പിന്നാലെ കര്‍ണാടക റെസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാന്തരാജു രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ഒന്‍പതാം ക്ലാസില്‍ ഹാജര്‍ 10 ശതമാനം മാത്രമാണെന്നും ക്ലാസ് അധ്യാപകനെന്ന നിലയില്‍ അവളുടെ ഹാജര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അധ്യാപകനായ നരസിംഹ മൂര്‍ത്തിയുടെയും, അവളുടെ ശാരീരികാവസ്ഥ പ്രിന്‍സിപ്പലിനെ അറിയിക്കേണ്ടത് ശ്രീധറിന്റെയും കടമയാണെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിര്‍മ്മലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതനായ പ്രതി (A1), സ്‌കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബസമ്മ , സ്റ്റാഫ് നഴ്‌സ് ബസമ്മ പാട്ടീല്‍ , ശരണബസവ്വ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഗര്‍ഭിണിയായ വിവരം അധികൃതരെ അറിയിക്കാത്തതിനാണ് ചിലര്‍ക്കെതിരെ കേസെടുത്തത്. ഒന്നാം പ്രതിയെക്കുറിച്ച് പെണ്‍കുട്ടി വിവരം നല്‍കുന്നില്ല. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവര്‍ സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗവും യാദ്ഗിര്‍ ജില്ലയുടെ ചുമതലയുള്ളതുമായ ശശിധര്‍ കൊസാംബെ, സാമൂഹ്യക്ഷേമ വകുപ്പിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ കമ്മീഷന്‍ സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കാണാന്‍ ഉടന്‍ തന്നെ ഷഹാപൂര്‍ സന്ദര്‍ശിക്കുമെന്ന് കൊസാംബെ പറഞ്ഞു.




