പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ നോയിഡയിലെ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തി. കതിഹാറിൽ അറസ്റ്റിലായ രാമൻ രാജാണ് നോയിഡയിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്.
നോയിഡയിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രാമൻ രാജ് സ്വന്തം നാടായ കതിഹാറിലെത്തി ഒളിച്ചുകഴിയുകയായിരുന്നു. ഇതിനിടെയാണ് മദ്യം കൈവശംവെച്ചതിന് കതിഹാർ ടൗൺ പൊലീസ് ഇയാളെ പിടികൂടിയത്.
നോയിഡയിലെ ‘ബറൗള നെസ്റ്റ് റെന്റൽ പനോരമ’ കെട്ടിടത്തിലെ രാമൻ രാജിന്റെ മുറിയിൽ ഓഗസ്റ്റ് എട്ടിന് രാത്രിയാണ് അസം സ്വദേശിനിയായ മെഹക് അഹമ്മദിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
ബി.ടെക് ബിരുദധാരിയായ രാമൻ രാജും മെഹകും ഒരേ കെട്ടിടത്തിലായിരുന്നു താമസം. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നെന്നും പതിവായി കണ്ടുമുട്ടാറുണ്ടായിരുന്നെന്നും കതിഹാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.
മെഹകിന്റെ കൊലപാതകത്തിന് പിന്നാലെ ഒരാഴ്ചയോളം ഒളിവിൽ കഴിഞ്ഞ രാമൻ രാജിനെ കണ്ടെത്താൻ നോയിഡ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇയാൾ കതിഹാറിലെ ജന്മനാട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം അവിടേക്ക് തിരിച്ചിരുന്നു.
എന്നാൽ നോയിഡ പൊലീസ് ഇയാളെ കണ്ടെത്തുന്നതിന് മുമ്പ് മറ്റൊരു കേസിൽ കതിഹാർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ചതിനാണ് ഇയാൾ പിടിയിലായത്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് നോയിഡ കൊലക്കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.


