ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി-20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്.
ടീം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. 2026 ഐപിഎല്‍ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ദ്രാവിഡ്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.




