ന്യൂഡല്‍ഹി:പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ ബെല്‍ജിയത്തിലെ അപ്പീല്‍ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തില്‍ തുടരുന്നതിനിടെയാണ് മെഹുല്‍ ചോക്സി ബെല്‍ജിയത്തിലെ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വമ്പന്‍ വായ്പാ തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട ചോക്സി പലതവണ ഒളിവില്‍ പോയെന്നും ജാമ്യം ലഭിച്ചാല്‍ ബെല്‍ജിയത്തില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യയില്‍ കേസന്വേഷിക്കുന്ന സിബിഐ ബെല്‍ജിയത്തിലെ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ മുഖവിലക്കെടുത്താണ് വായ്പാ തട്ടിപ്പ് കേസില്‍ ജാമ്യം ഹര്‍ജി കോടതി തള്ളിയത്.
സിബിഐയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബെല്‍ജിയത്തില്‍ മെഹുല്‍ ചോക്സി അറസ്റ്റിലായത്. ഇതിന് മുന്‍പും ചോക്‌സി ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതും കോടതി തള്ളുകയാണ് ചെയ്തത്. പിന്നീട് ഓഗസ്റ്റ് 22 ന് വീണ്ടും ജാമ്യാപേക്ഷ ഫയല്‍ ചെയ്യുകയായിരുന്നു. വീട്ടുതടങ്കലില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ചോക്സിയുടെ ഹര്‍ജിയിലെ ആവശ്യം. ഇന്ത്യ ആസ്ഥാനമായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായ ചോക്സിക്ക് 66 വയസാണ് പ്രായം. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം പകുതിയോടെ ബെല്‍ജിയത്തിലെ കോടതിയില്‍ വാദം ആരംഭിക്കും. ഈ ഘട്ടത്തില്‍ ജാമ്യാപേക്ഷയുമായി വീണ്ടും ചോക്സി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുകളില്‍ മെഹുല്‍ ചോക്സിയും മരുമകന്‍ നീരവ് മോദിയുമാണ് പ്രധാന പ്രതികള്‍. നീരവ് മോദിയെ 2019 ല്‍ ലണ്ടനില്‍ പിടികൂടിയിരുന്നു. ഇദ്ദേഹം ഇപ്പോഴും ലണ്ടനിലെ ജയിലിലാണ്. ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് നീരവ് മോദിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ അഴിമതി നിരോധന നിയമങ്ങള്‍ക്ക് പുറമെ, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കല്‍ അടക്കം മെഹുല്‍ ചോക്‌സിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി 2018 ലും 2021 ലും പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകള്‍ ബെല്‍ജിയത്തിലെ അന്വേഷണ സംഘങ്ങള്‍ക്ക് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ട്.






