മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിൻ്റെ ഒരു പുത്തൻ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. നിരവധി ഗംഭീര ഹിറ്റുകൾ ഉൾപ്പടെ 22ഓളം ചിത്രങ്ങൾ നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്പൻ ബഡ്‍ജറ്റിൽ ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രമായ ആട് 3 യുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർക് പുറകെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.






