ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബോക്സ് ഓഫിസില്‍ മഹാവിജയം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘ശോക മൂകം’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്ത് വന്നിരിക്കുകയാണ്. ‘ബോയ്സ് ആന്തം’ എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ.കെ ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാറാണ്. ബെന്നി ദയാല്‍, പ്രണവം ശശി, ജേമൈമ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകന് ജെ.കെയും ശബ്ദം നല്‍കിയിട്ടുണ്ട്.
കല്യാണി പ്രിയദര്ശന്, നസ്ലിന്, ചന്ദു എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുന്ന നസ്ലിനെയും എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന കല്യാണിയേയും വിഡിയോയിൽ കാണാം. വലിയ സ്വീകാര്യതയാണ് പാട്ടിനു ലഭിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണ് ‘ലോക’. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ ‘ലോക’ സ്വന്തമാക്കിയത്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിനു പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെന്‍ഡിങ് ആയി തുടരുകയാണ്.
‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.




