ഗുരുവായൂർ ∙ അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂർ ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയായി. 14നാണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും കണ്ണന്റെ പിറന്നാൾ സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു. 40,000 പേർക്ക് നാലുകറിയും ഉപ്പേരിയും ഉപ്പിലിട്ടതും പാൽപായസവുമടക്കം പിറന്നാൾ സദ്യ നൽകും. ഇതിന് 27.50 ലക്ഷം രൂപയാണ് ചെലവ്. ചുറ്റുവിളക്കിനും കാഴ്ചശീവേലിക്കും 6.90 ലക്ഷം മാറ്റി വച്ചു.
രാവിലെ 6 മുതൽ വിഐപി ദർശനം ഇല്ല. ക്യൂ നിൽക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂർ ദർശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും പ്രത്യേക ദർശന സൗകര്യവുമുണ്ട്. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാട് അപ്പം നിവേദ്യമാണ്. 41,500 അപ്പം നിവേദിക്കും. 35 രൂപയാണ് 2 അപ്പത്തിന്റെ നിരക്ക്. ഒരാൾക്ക് 700 രൂപയുടെ വഴിപാടു ചെയ്യാം. 8.08 ലക്ഷം രൂപയുടെ പാൽപായസം വഴിപാടും ഉണ്ടാകും.
രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്കും രാത്രി വിളക്കിനും കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിക്കും. മേളത്തിന് പെരുവനം കുട്ടൻമാരാർ പ്രമാണിയാകും. ഉച്ചകഴിഞ്ഞും രാത്രിയും വൈക്കം ചന്ദ്രന്റെ പ്രമാണത്തിൽ പഞ്ചവാദ്യം. അഷ്ടമിരോഹിണി നാളിൽ ഇരുനൂറോളം വിവാഹങ്ങളുണ്ട്. 5 മണ്ഡപങ്ങളിലായി പുലർച്ചെ 4ന് വിവാഹ ചടങ്ങുകൾ ആരംഭിക്കും. ടോക്കൺ നൽകി വിവാഹ സംഘങ്ങൾക്ക് ഇരിപ്പിടം ഒരുക്കി, രാവിലെ 9ന് അഷ്ടമിരോഹിണി ഘോഷയാത്രകൾ എത്തുന്നതിനു മുൻപായി പരമാവധി വിവാഹങ്ങൾ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തും.






