അബുദാബി: യുഎഇയിലെ അടിസ്ഥാനസൗകര്യവികസനത്തിന് വഴിതെളിച്ച പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം. യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. 1935-ൽ സ്ഥാപിതമായ ഖാൻസാഹെബ് ഗ്രൂപ്പ്, യുഎഇയുടെ വികസന കുതിപ്പിൽ വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ദുബായ് ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ് മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് വരെ നീളുന്ന യു.എ.ഇയുടെ ലാൻഡ്മാർക്കായ നിരവധി കെട്ടിടങ്ങളുടെ വരെ നിർമാണത്തിൽ ഇവർ പങ്കുവഹിച്ചു.






