ആലപ്പുഴ : വള്ളികുന്നം സ്വദേശിയായ യുവാവിനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. വിജയാ ഭവനിൽ വിജയാനന്ദന്റെ മകൻ ആദർശ് (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും യാത്ര ചെയ്തിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കരുനാഗപ്പള്ളിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
മാസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലുള്ള ഇയാൾ ആദ്യമായാണ് ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്. ‘ഓപ്പറേഷൻ ഡി-ഹണ്ടർ’ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനു കുമാർ എം.കെയുടെ നേതൃത്വത്തിലുള്ള വള്ളികുന്നം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വള്ളികുന്നം ഇൻസ്പെക്ടർ ജയൻ ടിഎൽ, എസ്‌ഐ ദിജേഷ്, എസ്‌സിപിഒ സന്തോഷ് കുമാർ, സിപിഒമാരായ അനീഷ്, അഖിൽ, ബാലു എന്നിവർ സംഘത്തിലുണ്ടായിരുന്നു.






