തിരുവനന്തപുരം: സെപ്തംബര്‍ 25ന് മധ്യ കിഴക്കന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത. നിലവില്‍ ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്തംബര്‍ 26- ഓടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് സെപ്റ്റംബര്‍ 27 -ഓടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. 25-ാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 26ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 27ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.






