വാഷിംഗ്‌ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യത്തിന് പകുതി നൂറ്റാണ്ടിന് ശേഷം വീണ്ടും തുടക്കം. നാസയുടെ “ആർട്ടെമിസ് 2” ദൗത്യത്തിന്റെ ഭാഗമായി, നാലുപേരടങ്ങിയ ബഹിരാകാശ യാത്രിക സംഘം 2026 ഫെബ്രുവരിയിലായി ചന്ദ്രനരികിലേക്ക് പറക്കും. ഈ ദൗത്യം 10 ദിവസം നീണ്ടുനിൽക്കും.
1972-ലെ “അപ്പോളോ 17” ദൗത്യത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ ചന്ദ്രയാത്രയിൽ ഉൾപ്പെടുത്തി ഒരു ദൗത്യത്തിന് നാസ തയ്യാറാകുന്നത്. അപ്പോളോ 17 ആണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ഇറങ്ങിയ അവസാന ദൗത്യം. അതിന് ശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ നടന്നു എങ്കിലും, അതിൽ മനുഷ്യൻ സജീവമായി പങ്കെടുത്തിരുന്നില്ല.
ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്കുന്നു എന്ന് നാസയുടെ ആക്ടിങ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ലാകിഷ ഹോക്കിൻസ് വ്യക്തമാക്കി. റോക്കറ്റ്, ബഹിരാകാശ വാഹനം എന്നിവയുടെ പ്രവർത്തനം പ്രായോഗികമായി വിലയിരുത്തുന്നതിനും ഭാവിയിലെ ചന്ദ്ര ലാൻഡിംഗിനുള്ള സാങ്കേതിക സാധ്യതകൾ പരിശോധിക്കുന്നതിനുമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ആർട്ടെമിസ് 2 ദൗത്യത്തിൽ പങ്കെടുക്കുന്ന നാലംഗ സംഘത്തിൽ മൂന്ന് പേർ നാസയിലെ സീനിയർ ബഹിരാകാശ യാത്രികരാണ് റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്. ഇവർക്കൊപ്പം കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസൻ അടങ്ങുന്നു. ഈ സംഘം ചന്ദ്രനിൽ ഇറങ്ങാതെ അത് ചുറ്റി ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും. 022-ൽ നാസ വിജയകരമായി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ആർട്ടെമിസ് 1 ദൗത്യത്തിൽ ഓറിയോൺ പേടകം മനുഷ്യരില്ലാതെയാണ് വിക്ഷേപിച്ചത്. സുരക്ഷാപരമായ എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആർട്ടെമിസ് 2 കാൽവെപ്പ് എടുക്കുന്നത്.
മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറക്കുന്നതിനുള്ള നാസയുടെ വലിയ പദ്ധതിയായ ആർട്ടെമിസ് 3 ദൗത്യം 2027-ലാണ് പ്രതീക്ഷിക്കുന്നത്.










