മംഗളൂരു: മംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളിയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്. മംഗളൂരു സ്വദേശികളായ ചിരാഗ് സനിൽ (27), ആൽവിൻ (28), ജനൻ ജഗന്നാഥ് (28), രാജേഷ് ബെംഗേരെ (30), വരുൺ ഗനിഗ (28) എന്നിവരായാണ് അറസ്റ്റ് ചെയ്തതത്.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം ചിരാഗിനെയും ആൽവിനെയും അറസ്റ്റ് ചെയ്തതത്. ഇവരിൽ നിന്ന് 22.30 ലക്ഷം രൂപ വില വരുന്ന 111.83 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
അന്വേഷണത്തിനിടെ, നിലമ്പൂർ സ്വദേശിയായ അബ്‌ദുൽ കരീം, മുംബൈയിൽ താമസിക്കുന്ന ബെഞ്ചമിനിൽ നിന്ന് എംഡിഎംഎ വാങ്ങാൻ പണം നൽകിയത് എന്ന് കണ്ടെത്തി. തുടർന്ന് കരീമിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി.
തുടർന്നു മന്നഗുഡ്‌ഡയിൽ നടത്തിയ പരിശോധനയിൽ, ജഗന്നാഥ്, രാജേഷ്, വരുൺ എന്നിവർ അറസ്റ്റിലാവുകയും, ഇവരിൽ നിന്ന് 1.90 ലക്ഷം രൂപ വിലയുള്ള 21.03 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.




