കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസസ്ഥല വിവരങ്ങളിൽ കൃത്രിമം കാണിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി സിവിൽ ഐഡികൾ അനുവദിച്ച സംഭവത്തിൽ കുവൈത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ രേഖകളിൽ പ്രവാസികളുടെ യഥാർത്ഥ താമസ വിലാസങ്ങൾക്ക് പകരം പണം വാങ്ങി വ്യാജ വിലാസങ്ങൾ ചേർത്താണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 1973-ൽ ജനിച്ച കുവൈത്ത് സ്വദേശിയായ പ്രധാന പ്രതി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് രേഖകളിൽ മാറ്റം വരുത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഓരോ വ്യാജ ഇടപാടിനും 100 മുതൽ 120 കുവൈത്ത് ദിനാർ വരെ കൈക്കൂലി വാങ്ങിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. രേഖകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷന് കൈമാറുകയും തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും നിയമലംഘനങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.






