കൊച്ചി: ബജറ്റിൽ മലയാള സിനിമ മേഖലയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നടൻ നന്ദി അറിയിച്ചു. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ എന്നും ഫേസ്ബുക്കിൽ മമ്മൂട്ടി ആശംസിച്ചു.
മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നുമാണ് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കുകയും കൂടാതെ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.




