കൊച്ചി: താൻ മോഹൻലാൽ ഫാൻ ആണെന്നും അദ്ദേഹത്തെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണെന്നും നടൻ ഋഷഭ് ഷെട്ടി. തന്റെ ഒരു ബന്ധുവിനെ കാണാൻ ലാലേട്ടനെ പോലെയാണെന്നും ആ ഒരു ഇമോഷണൽ ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും ഋഷഭ് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യമായി ആശംസ അറിയിച്ച താരങ്ങളിൽ ഒരാളാണ് ഋഷഭ്.
“ഞാൻ ലാലേട്ടന്റെ വലിയ ഫാനാണ്. കന്നഡ സിനിമ മേഖലയിൽ എന്റെ എക്കാലത്തെയും ഇഷ്ടനടൻ ഡോ രാജ്കുമാർ സാറാണ്. മലയാളത്തിൽ ലാലേട്ടനെ കാണുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്. എന്റെ ഒരു മാമനെ കാണാൻ അദ്ദേഹത്തെ പോലെയാണ്. ആ ഒരു ഇമോഷണൽ ബന്ധവും അദ്ദേഹത്തോട് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എനിക്കേറെ സന്തോഷമുണ്ട്. അതുകൊണ്ടാണ് പുരസ്കാര വാർത്ത അറിഞ്ഞയുടനേ എന്റെ സോഷ്യൽ മീഡിയ ടീമിനോട് പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് പങ്കുവച്ചത്. കൊല്ലൂർ മൂകാംബികയിൽ വെച്ച് ലാലേട്ടനെ ഒരിക്കൽ കണ്ടിരുന്നു. അന്ന് പകർത്തിയ ചിത്രമാണ് കൂടെ പങ്കുവച്ചത്”. ഋഷഭ് പറഞ്ഞു.
ഒക്ടോബർ 2നാണ് കാന്താര ചാപ്റ്റർ 1 റിലീസിനെത്തുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2022ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയാണ് എത്തുന്നത്. രാജ്യമൊട്ടാകെ 7,000 സ്‍ക്രീനുകളില്‍ കാന്താര സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ ചിത്രീകരണം മൂന്ന് വർഷം നീണ്ടിരുന്നു.






