ഇടുക്കി: കട്ടപ്പന യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് മൃതദേഹം വീടിനുള്ളിലെ കിടക്കയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവുണ്ടായ നിലയിലും ചുറ്റുമെങ്ങും രക്തക്കറയുമുണ്ടായിരുന്നു. കിടന്ന് ഉറങ്ങുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം രണ്ട് ദിവസത്തോളം പഴക്കമുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി.
മുറിക്കുള്ളിലെ ഷീറ്റിലും നിലത്തും രക്തക്കറയുണ്ട്. സമീപത്ത് ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്ന സോൾരാജ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരായ അനൂപ്മോൻ, ജർലിൻ വി. സ്കറിയ, ടി.സി. മുരുകൻ എന്നിവർ അടങ്ങിയ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്നുള്ള ഫോറെൻസിക് സംഘം, വിരലടയാള വിദഗ്ദ്ധർ, പൊലീസ് ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.










