കൊച്ചി: നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നടത്തി, സിജു വിൽസനെ നായകനാക്കി ഒരുക്കുന്ന പുതിയ മലയാളചിത്രമാണ് ‘ഡോസ്’. മെഡിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമയുടെ പ്രധാന ചിത്രീകരണം റാന്നിയിലും വടശ്ശേരിക്കരയിലുമാണ് നടന്നത് . വടശ്ശേരിക്കരയിലെ ശ്രീ അയ്യപ്പ മെഡിക്കൽ കോളജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി ഉപയോഗിച്ചത്. ചിത്രത്തിന്റെ പശ്ചാത്തലമായി, ലോകം മുഴുവൻ ഉണ്ടായിട്ടുള്ള വിവിധ മെഡിക്കൽ ക്രൈം സംഭവങ്ങളാണ് സംവിധായകനും ടീവും തെരഞ്ഞെടുത്തിരിക്കുന്നത്. അതിലൂടെ ഒരുപാട് ഉത്കണ്ഠയും ത്രില്ലും നിറഞ്ഞ കഥാഗതിയിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ ഡോസ് ശ്രമിക്കുന്നതായി അണിയറ പ്രവർത്തകർ പറയുന്നു.
സിജു വിൽസനോടൊപ്പം ജഗദീഷ്, അശ്വിൻ കെ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്ത ഫാത്തിമ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുപ്രസാദാണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ ഡിസൈൻ – അപ്പു മാരായി, മേക്കപ്പ് – പ്രണവ് വാസൻ, കോസ്റ്റ്യൂം – സുൽത്താന റസാഖ്, ആക്ഷൻ – ഫീനിക്സ് പ്രഭു, സ്റ്റിൽസ് – നൗഷാദ് തുടങ്ങിയവരാണ് സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്യുന്നത്.എസിനാറ്റിക് ഫിലിംസിന്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ തുടങ്ങിയവർ കോ-പ്രൊഡ്യൂസേഴ്സായി കൈകോർത്തിട്ടുണ്ട്.
മാർക്കറ്റിംഗ് ഹെഡ് – കണ്ടന്റ് ഫാക്ടറിയുടെ ആൻ്റണി വർഗീസ്, ഡിസൈൻ – യെല്ലോ ടൂത്ത്, പിആർഒ – വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.






