ഡല്‍ഹി: കിഡ്‌നി തകരാറുമൂലം മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സംസ്ഥാന ആരോഗ്യവകുപ്പുകള്‍. കുട്ടികളുടെ മരണകാരണം ചുമയ്ക്ക് നല്‍കിയ കഫ് സിറപ്പ് ആണെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്. കഫ് സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്ന കഫ് സിറപ്പ് അല്ല കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ല കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കിയതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ 500 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും സംസ്ഥാന സര്‍ക്കാറാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.






