ചെന്നൈ: മധ്യപ്രദേശിൽ 20 കുട്ടികളുടെ ജീവൻ നഷ്ടപ്പെടുത്തിച്ച ചുമമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് ശ്രേഷൻ ഫാർമ കമ്പനിയുടെ ഉടമ ജി. രംഗനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസ് പിടികൂടുകയായിരുന്നു. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്.
2023-ൽ നിർമ്മിച്ച കോൾഡ്രിഫ് കഫ് സിറപ്പാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. ഈ മരുന്ന് വിദേശത്തേക്കും കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളിലെ ഡ്രഗ് കണ്ട്രോളർമാർക്ക് അടിയന്തര നിർദേശം നൽകി. മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധിക്കണമെന്നും നിർദേശിച്ചു.
അതേസമയം, ഡോക്ടറെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ചിന്ത്വാരയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിച്ചു. ദുരന്തത്തിൽ കേന്ദ്രാന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് കത്തും നൽകി.




