കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നിന്ന് 1.6 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിൽ നിന്നും എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് ജലങ്കി സ്വദേശിയായ ഫറൂഖ് ആണ് പിടിയിലായത്. ചോട്ടു എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളി വിമാനത്താവളത്തിന് സമീപം കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി വാപ്പാലശേരിയിൽ നിന്ന് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടിയിലാകുന്നത്.
ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളിൽ ചിലരെ ഉപയോഗിച്ചാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതെന്നും പിടിയിലായ ഫറൂഖ് നടത്തിയ മൊഴിയിൽ വെളിപ്പെടുത്തിയതായി എക്‌സൈസ് അധികൃതർ പറഞ്ഞു.






