തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ സേവന ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ. വിദ്യാർത്ഥികളോടുള്ള വഞ്ചനാപരമായ നടപടിയാണ് ഇതെന്നും തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ അധ്യയന വർഷം വരെ 10 രൂപ മാത്രമായിരുന്നു വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ്. എന്നാൽ പുതിയ തീരുമാനപ്രകാരം ഇത് 110 രൂപയായി ഉയർത്തിയിരിക്കുകയാണ്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന സേവനത്തിന് ഇത്രയും വലിയ തോതിൽ ചാർജ് വർധിപ്പിച്ചത് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് എസ്‌എഫ്‌ഐയുടെ വിമർശനം.
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ദിവസേന പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച് സ്കൂളുകളിലും കോളേജുകളിലും എത്തുന്നത്. കുറഞ്ഞ ചെലവിൽ വിദ്യാർത്ഥി യാത്രാ സൗകര്യം ഉറപ്പാക്കുന്നത് വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമാണെന്നും, ചാർജ് വർധനവ് ആ അവകാശത്തെ ബാധിക്കുന്ന നടപടിയാണെന്നും എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.
തീരുമാനം പിൻവലിക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർത്ഥികളെ അണിനിരത്തി യാത്രാവകാശ സമരം ശക്തമാക്കുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി. എസ്. സഞ്ജീവും അറിയിച്ചു.
വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ച് ഓൺലൈൻ പാസ് പുതുക്കൽ ചാർജ് വർധനവ് സർക്കാർ പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.




