കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡി മർദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ആഭ്യന്തര വകുപ്പാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകാൻ തീരുമാനിച്ചത്. സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കസ്റ്റഡി മർദനമുണ്ടായിരുന്നോ എന്നത് അന്വേഷണത്തിലൂടെയാണ് വ്യക്തമാകുകയെന്ന് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിയാദിന്റെ മരണകാരണം ഹൃദയത്തിലെ അണുബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും എസ്.പി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.
സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിയാദ് മരിക്കുന്നതുവരെ പൊലീസ് മർദനത്തെക്കുറിച്ച് ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസ് സ്റ്റേഷനിൽ മർദനം നടന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ജീപ്പിൽ വെച്ച് മർദിച്ചെന്നത് നിലവിൽ ആരോപണം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടപ്പോൾ മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, കസ്റ്റഡി മർദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. രോഗാവസ്ഥയിലായിരുന്നിട്ടും സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും ജീപ്പിൽ വെച്ച് മർദിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മർദനത്തെ തുടർന്നാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ യഥാർത്ഥ സാഹചര്യം കണ്ടെത്താൻ ജില്ലാ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിക്കും.




